മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.

മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.

തൃശൂര്‍: തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വിവാദമായിരുന്നു.

വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ നേരത്തെയുള്ള പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങള്‍. സര്‍ക്കാര്‍ കോടതിയില്‍ ചെന്നാല്‍ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.